തിരുവനന്തപുരം: മുഖകാന്തി വാഗ്ദാനം ചെയ്ത ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കണ്ട്രോള് വിഭാഗം. കോഴിക്കോട് സീനിയര്‍ ഡ്രഗ്സ് കണ്ട്രോള് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരാതിക്കാരിയെ സന്ദര്‍ശിക്കും. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ചികിത്സാ രേഖകളും അന്വേഷണ സംഘം തേടിയിട്ടുണ്ട്.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഓണ്‍ലൈനിലൂടെ വാങ്ങിയ ഫേസ് ക്രീമിന്റെ ഉറവിടം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണനം തടയുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രത്യേക സമിതി രൂപീകരിച്ചേക്കും. വ്യാജ ഓണ്‍ലൈന്‍ വിപണനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. നീതി തേടി കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാനും പരാതിക്കാരി ഒരുങ്ങുകയാണ്. പൊതുപ്രവര്‍ത്തകനായ എം.ടി. മുര്‍ഷിദ് സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment