മലപ്പുറം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരന് മരിച്ച സംഭവത്തില്‍ നടപടിയുമായി കെഎസ്ഇബി. വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാന്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്കി. പ്രത്യേക കേസായി പരിഗണിച്ചാണ് സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. അപകടത്തില്‍ കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടതില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സമാനമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അടിയന്തരമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി പട്രോളിങ് നടത്തി സുരക്ഷാ പരിശോധനകള്‍ നടത്തും. അപകടസാധ്യതയുള്ള മേഖലകളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും സംഘടിപ്പിക്കും.
പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കും. സംഭവവുമായി ബന്ധപ്പെട്ട നിയമപരമായ പരിശോധന പൂര്‍ത്തിയാക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വൈദ്യുതി വിതരണ സംവിധാനങ്ങളിലെ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment