തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുന്‍ എംഎല്‍എ എം.വി. രാജഗോപാലന്‍ മാസ്റ്ററുടെ മകനുമായ എസ്.ആര്. വിനയകുമാര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു. പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പിണറായിസം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ആരോപിച്ചാണ് തീരുമാനം. ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു വിനയകുമാര്‍. കുറച്ചുകാലമായി പാര്‍ട്ടിയില്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിരോധം തീര്‍ക്കുക മാത്രമാണ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പിണറായി വിജയന് എന്നാല്‍ സിപിഐഎം, സിപിഐഎം എന്നാല്‍ പിണറായി വിജയന് എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്വീകരിക്കുന്നതെന്നും വിനയകുമാര്‍ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മാനേജിങ് ഡയറക്ടറായും വിനയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് വിനയകുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment