തൃശൂര്‍: E20 ഇന്ധന വിവാദത്തില്‍ വിമര്‍ശകരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിലര്‍ E20 വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും വിമര്‍ശിക്കുന്നവര്‍ക്ക് ഇതിന്റെ ശാസ്ത്രീയ വശങ്ങള് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എഥനോള്‍ ബ്ലെന്‍ഡിങ് മെഷീന് 20 ശതമാനം എന്ന അനുപാതത്തിലാണ് കാലിബ്രേറ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയില്‍ ഈ പരിധി മറികടക്കുന്ന സാഹചര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ചിലര്‍ കന്നാസില്‍ ഇന്ധനം കൊണ്ടുപോയി മിശ്രണം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത്തരത്തിലുള്ള സംഭവമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. പിന്നീട് സിബിഐക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു. E20 ഇന്ധനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി പ്രതികരിച്ചു. ആലപ്പുഴയില്‍ എയിംസ് വരണമെന്നായിരുന്നു നേരത്തെ തന്റെ ആഗ്രഹമെന്നും എന്നാല്‍ തൃശൂരില്‍നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എയിംസ് തൃശൂരില്‍ വരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എയിംസിനായി സ്ഥലം അനുവദിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും തനിക്ക് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ മാത്രമേ കഴിയൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ള 450 ഏക്കര്‍ സ്ഥലവും ഉപയോഗിക്കാതെ കിടക്കുന്ന കോള്‍പ്പാടങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവയില്‍ എത്ര ഭൂമിയാണ് നിലവില്‍ പ്രയോജനപ്പെടുത്തുന്നതെന്നും ചോദിച്ചു.
എയിംസ് വിഷയത്തില്‍ കോടതിയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്നും കോടതിക്ക് മറുപടി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരില്‍ എയിംസ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ കേരളത്തിലും അത് യാഥാര്‍ഥ്യമാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.


Comments
No comments yet. Be the first to comment!
Leave a Comment