16/11/2026
Kerala News

യുപിയില്‍ 181 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്; സീറ്റ് വിഭജന ചര്‍ച്ചയില്‍ വെളിപ്പെടുത്തലുമായി അഖിലേഷ് യാദവ്

യുപിയില്‍ 181 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്; സീറ്റ് വിഭജന ചര്‍ച്ചയില്‍ വെളിപ്പെടുത്തലുമായി അഖിലേഷ് യാദവ്


ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ടതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. ഇന്ത്യാ മുന്നണിയില്‍ നിലവില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നും സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നും അഖിലേഷ് വ്യക്തമാക്കി.

403 അംഗ നിയമസഭയില്‍ പകുതിയോളം സീറ്റുകള്‍ വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നതെന്ന സൂചനകള്‍ക്കിടെയാണ് അഖിലേഷിന്റെ പ്രതികരണം. കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിലും കൂടുതലാണെന്നായിരുന്നു മറുപടി. 200 സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിനേക്കാള്‍ അല്‍പ്പം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 180 സീറ്റുകളാണോ ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് 180നോട് ഒന്ന് കൂടി കൂട്ടിക്കോളൂ എന്നായിരുന്നു അഖിലേഷിന്റെ മറുപടി.

സീറ്റ് വിഭജനത്തില്‍ എണ്ണത്തേക്കാള്‍ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. കോണ്‍ഗ്രസുമായി മികച്ച ബന്ധമാണ് തുടരുന്നതെന്നും അഖിലേഷ് പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 43 എണ്ണത്തിലും വിജയിച്ചാണ് ഇന്ത്യാ മുന്നണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. അന്ന് 17 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടത്തും 37 സീറ്റുകളില്‍ മത്സരിച്ച സമാജ്വാദി പാര്‍ട്ടി 37 ഇടത്തുമാണ് വിജയിച്ചത്. എന്നാല്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 399 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. 387 മണ്ഡലങ്ങളില്‍ കെട്ടിവെച്ച തുകയും നഷ്ടമായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement