തൃശൂര്‍: ജിഎന്‍എ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎന്‍എയില്‍ നിന്ന് വാങ്ങിയ 200 മെഗാവാട്ട് വൈദ്യുതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സുതാര്യമല്ല. കരാറിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ സിപിഐഎം നിലപാടില്‍ മാറ്റമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന് വലിയ പിന്തുണ നല്‍കിയ വി ഡി സതീശന്‍ മുഖ്യമന്ത്രിയായതോടെ അവരെ തിരിഞ്ഞുനോക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സമരസമിതി സെക്രട്ടറി എസ്. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. കേരളം മുഴുവന്‍ ആവശ്യമുന്നയിച്ചിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് അനുമതി നല്‍കിയ സംഭവത്തിലും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Comments
No comments yet. Be the first to comment!
Leave a Comment