തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കെപിസിസി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും ഉള്‍പ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെ വിമര്ശനങ്ങളുള്ളവര് അത് നേരിട്ട് മുഖത്തുനോക്കി പറയണമെന്ന് വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തന്റെ മറുപടി അര്ഹിക്കുന്നവരല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ പ്രതികരണങ്ങള്‍ ആരെയാണ് അസ്വസ്ഥരാക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും ഉണ്ണിത്താന് പറഞ്ഞു. ഡിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിയില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉണ്ണിത്താന്റെ പരസ്യപ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. പരസ്യപ്രസ്താവനകള്‍ തുടര്‍ന്നാല്‍ ശക്തമായി മറുപടി നല്‍കുമെന്നും മുന്നറിയിപ്പുണ്ടായി.
യുഡിഎഫ് കണ്‍വീനറെയും കെപിസിസി അധ്യക്ഷനെയും നേരത്തേ രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായതും പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നതും.


Comments
No comments yet. Be the first to comment!
Leave a Comment