തിരുവനന്തപുരം: ബോര്‍ഡ്കോര്‍പറേഷന്‍ സ്ഥാനങ്ങളിലെ പ്രാതിനിധ്യത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാര്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. ബോര്‍ഡ്കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതംവെച്ചപ്പോള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് ഡിസിസി പ്രസിഡന്റുമാരുടെ പരാതി. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഒച്ചിന്റെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും യോഗത്തില്‍ പരിഹാസമുയര്‍ന്നു.
തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അംഗീകരിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയത്. ജിഎന്‍എ കരാറില്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്.
മാധ്യമ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നിലപാട് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും യോഗത്തില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയും മന്ത്രിയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകളിലേക്ക് പാനലിസ്റ്റുകളെ നിയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ ചര്‍ച്ചകളില്‍ നിലപാടെടുക്കേണ്ടതെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ടെന്ന് ദീപ്തി മേരി വര്‍ഗീസ് യോഗത്തില്‍ ചോദിച്ചു. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഏകോപനമില്ലായ്മയും യോഗത്തില്‍ വീണ്ടും പ്രകടമായതായാണ് വിവരം.


Comments
No comments yet. Be the first to comment!
Leave a Comment