ചാവക്കാട്: പ്രസവത്തിനിടെ പഞ്ഞി ശരീരത്തിനുള്ളില്‍ വെച്ച് തുന്നിക്കെട്ടിയെന്ന പരാതിയുമായി യുവതി. ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ചാവക്കാട് സ്വദേശിനിയായ ഫാത്തിമത്തുല്‍ ഷറഫിയ ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. അതേസമയം, പരാതിക്ക് പിന്നാലെ ഡോക്ടറും പ്രത്യാരോപണവുമായി രംഗത്തെത്തി.
ഓഗസ്റ്റ് 19നായിരുന്നു യുവതിയുടെ സാധാരണ പ്രസവം. പ്രസവശേഷം രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍ തുന്നലിട്ടിരുന്നു. ഇതിനിടെ പഞ്ഞി ശരീരത്തിനുള്ളില്‍ വെച്ച് തുന്നിക്കെട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് പലതവണ വേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതായും പരാതിയില്‍ പറയുന്നു.
ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും പഴുപ്പിനുള്ള മരുന്ന് നല്‍കി മടക്കി അയക്കുകയായിരുന്നുവെന്നാണ് ആരോപണം. കൃത്യമായ പരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും കുടുംബം പറയുന്നു.
പിന്നീട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ച് സ്‌കാന്‍ നടത്തിയപ്പോഴാണ് ശരീരത്തിനുള്ളില്‍ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ വെച്ച് പഞ്ഞി പുറത്തെടുത്തു. 43 ദിവസത്തോളം പഞ്ഞി ശരീരത്തിനുള്ളില്‍ കിടന്നതിനെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവത്തില്‍ പരാതിയുമായി എത്തിയപ്പോള്‍ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ പ്രത്യാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment