04/11/2026
Kerala News

വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു; 27 പേര്‍ ചികിത്സ തേടി

 വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു; 27 പേര്‍ ചികിത്സ തേടി


തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള ചിലക്കൂര്‍ സ്വദേശി ഹാഷിം (17) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് പിന്നാലെ മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വര്‍ക്കല വെട്ടൂരില്‍ വില്‍പ്പന നടത്തിയ മത്സ്യം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വറ്റ മത്സ്യത്തിന്റെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തീരദേശ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വറ്റ മത്സ്യത്തിന്റെ ലഭ്യത വര്‍ധിച്ചതോടെ നിരവധി പേര്‍ വിപണിയില്‍ നിന്ന് മത്സ്യം വാങ്ങി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുള്ള മത്സ്യങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ മത്സ്യത്തിന്റെ പരിശോധനാഫലം നിര്‍ണായകമാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement