തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കരാറുകാരൻ വി.ഒ. സാജൻ രംഗത്തെത്തിയതോടെയാണ് പഴയ വിവാദം വീണ്ടും ചർച്ചയാകുന്നത്.
കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനായിരുന്ന സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് പുതിയ വെളിപ്പെടുത്തലുകൾ. പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട വിവരം പറഞ്ഞിരുന്നുവെന്നാണ് സാജന്റെ ആരോപണം. ബില്ലുകൾ അനുവദിക്കുന്നതിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്നും തുക നൽകാൻ കമ്പനി തയ്യാറാകാതിരുന്നതോടെ ബില്ലുകൾ തടഞ്ഞുവെച്ചെന്നുമാണ് പരാതിയിലെ ആരോപണം.
മലേഷ്യൻ കമ്പനിയായ പതി-ബെൽ കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു ലീ സീ ബീൻ. കെഎസ്ടിപിയുടെ ഭാഗമായി നടന്ന റോഡ് വികസന പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കമ്പനിയുടെ ഏകദേശം 14 കോടി രൂപയുടെ ബില്ലുകൾ തടഞ്ഞുവെച്ചതായും അവ അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായും സാജൻ ആരോപിക്കുന്നു.
പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾ, വാഹനങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവ നൽകിയിരുന്ന കരാറുകാരനായിരുന്നു സാജൻ. പണം ലഭിക്കാത്തതിനെക്കുറിച്ച് ലീ സീ ബീനുമായി സംസാരിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയതെന്നാണ് സാജന്റെ മൊഴി.
2006ൽ ലീ സീ ബീൻ മലേഷ്യയിൽ ആത്മഹത്യ ചെയ്തിരുന്നു. കെഎസ്ടിപി പദ്ധതിയിലെ സാമ്പത്തിക ബാധ്യതകളും ബില്ലുകൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹത്തെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് സാജന്റെ ആരോപണം.
മരണത്തിന് മുമ്പ് ലീ സീ ബീൻ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നുവെന്നും അതിൽ ചില ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കെഎസ്ടിപി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 2007 മുതൽ 2012 വരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. എട്ട് പരാതികളാണ് അന്ന് പരിശോധിച്ചത്. എന്നാൽ ഗ്യാനേഷ് കുമാറിനെതിരെ തുടർനടപടികൾക്ക് ആവശ്യമായ തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു അന്നത്തെ അന്വേഷണത്തിന്റെ കണ്ടെത്തൽ.
പുതിയ പരാതിയുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ പഴയ അന്വേഷണ രേഖകൾ വീണ്ടും പരിശോധിക്കുകയാണ് വിജിലൻസ്. 2007ലെ അന്വേഷണത്തിൽ സാജന്റെയും മറ്റ് ബന്ധപ്പെട്ട കരാറുകാരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.


Comments
No comments yet. Be the first to comment!
Leave a Comment