കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ആശ്വാസം. പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യ അന്വേഷണ സംഘം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരിങ്കൊടി പ്രതിഷേധം കുറ്റകരമല്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
എസ്ഐടി തലവന്‍ യു. പ്രേമനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കലാപശ്രമം, തടഞ്ഞുവെക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, റെയില്‍വേ പരിസരത്ത് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആദ്യ അന്വേഷണ സംഘം കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്. എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്ന വധശ്രമക്കുറ്റം പിന്നീട് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വീണാ ജോര്‍ജിനൊപ്പമുണ്ടായിരുന്ന പൊലീസിന്റെ ചുമതല പ്രതിഷേധക്കാരെ തടയുക എന്നതായിരുന്നു. ഈ ഔദ്യോഗിക കൃത്യനിര്‍വഹണം പ്രതിഷേധക്കാര്‍ തടസപ്പെടുത്തിയിട്ടില്ലെന്നാണ് എസ്ഐടിയുടെ റിപ്പോര്‍ട്ടിലുള്ളത്. കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നുവെന്നും മന്ത്രിയെ തടഞ്ഞുവെച്ച സാഹചര്യം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ, പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്താണ് പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിച്ചതെന്നും അതിനാല്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ച് കടന്നുവെന്ന കുറ്റം നിലനില്‍ക്കില്ലെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലൂടെ സ്വീകരിച്ചിരിക്കുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment