30/10/2026
Kerala News

പരീക്ഷ ക്രമക്കേട്: പിഎസ്സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

 പരീക്ഷ ക്രമക്കേട്: പിഎസ്സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം:   ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കി. ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ പരീക്ഷ കണ്‍ട്രോളര്‍ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ചയും, കൂടുതല്‍ പിഎസ്സി അംഗങ്ങളെ അടുത്ത ആഴ്ചയും ചോദ്യം ചെയ്യും.

ഒളിവിലുള്ള പിഎസ്സി അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ്, കേസിലെ പ്രതിയായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണസംഘം നിലവില്‍ പിഎസ്സി ചെയര്‍മാന്റെ മൊഴി വിശദമായി പരിശോധിച്ചു വരികയാണ്. ക്രമക്കേടില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നുമാണ് പിഎസ്സി അംഗങ്ങളുടെ നിലപാട്. തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം ഇവരെ പ്രതിചേര്‍ത്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതിനിടെ, പിഎസ്സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ അയച്ചു. പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement