29/10/2026
Kerala News

കാന്‍സര്‍ മരുന്നുകള്‍ക്ക് വന്‍ വിലക്കുറവ്; 72 മരുന്നുകളുടെ വില 93 ശതമാനം വരെ കുറയും

കാന്‍സര്‍ മരുന്നുകള്‍ക്ക് വന്‍ വിലക്കുറവ്; 72 മരുന്നുകളുടെ വില 93 ശതമാനം വരെ കുറയും



ന്യൂഡല്‍ഹി: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 72 കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ വന്‍ കുറവ്. ദേശീയ അവശ്യ മരുന്ന് വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത 137 ജനറിക്, ബയോസിമിലര്‍ കാന്‍സര്‍ മരുന്നുകളുടെ 643 ബ്രാന്‍ഡുകളുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ ചില്ലറ വില്‍പ്പന വില (എംആര്‍പി) പ്രസിദ്ധീകരിച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.

നോണ്‍ ഷെഡ്യൂള്‍ കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിന്‍ എംആര്‍പിയുടെ 30 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ഔഷധ വില നിയന്ത്രണ അതോറിറ്റിയായ എന്‍പിപിഎയുടെ നടപടി. ഇതിലൂടെ 72 മരുന്നുകളുടെ വിലയില്‍ 93 ശതമാനം വരെ കുറവുണ്ടാകും. വിവിധ ബ്രാന്‍ഡുകള്‍ തമ്മില്‍ വലിയ വിലവ്യത്യാസമുണ്ടായിരുന്ന ജനറിക്, ബയോസിമിലര്‍ മരുന്നുകള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിച്ചിരിക്കുന്നത്.

സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള പാല്‍ബാപ്രോ എന്ന ബ്രാന്‍ഡിന്റെ 125 മില്ലിഗ്രാമിന്റെ 21 ഗുളികകളടങ്ങിയ പായ്ക്കറ്റിന്റെ വില 40,421 രൂപയില്‍ നിന്ന് 2,720 രൂപയായി കുറഞ്ഞു.

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള അബിറാലൈവ് മരുന്നിന്റെ 250 മില്ലിഗ്രാമിന്റെ 120 ഗുളികകളടങ്ങിയ പായ്ക്കറ്റിന് 28,000 രൂപയുണ്ടായിരുന്നത് 4,840 രൂപയായി കുറയും. സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള വോമസോള്‍ മരുന്നിന്റെ 10 ഗുളികകളുടെ വില 458 രൂപയില്‍ നിന്ന് 39.52 രൂപയായും കുറഞ്ഞിട്ടുണ്ട്.

അതേസമയം, ഉയര്‍ന്ന വിലയുള്ളതും ഒരേയൊരു നിര്‍മാതാവ് മാത്രമുള്ളതുമായ പേറ്റന്റ് സംരക്ഷണമുള്ള 65 പ്രധാന കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ മാറ്റമില്ല. ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കാത്തത് തിരിച്ചടിയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement