കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം. ശുചിമുറിയുടെ ഭിത്തിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു. സംഭവത്തില്‍ ജീവനക്കാരി തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കെട്ടിടത്തില്‍ അപകടമുണ്ടാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ജിക്കല്‍ ബ്ലോക്കിലാണ് തുടര്‍ച്ചയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഴ്സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയുടെ ഒരു വശത്തെ ഹോളോബ്രിക്‌സാണ് ഇന്നലെ ഇടിഞ്ഞുവീണത്. ശുചിമുറിയിലേക്ക് പ്രവേശിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒഫ്താല്‍മോളജി വിഭാഗത്തിന് മുകളിലെ സീലിങ് അടര്‍ന്നുവീണിരുന്നു. കൂടാതെ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും സീലിങ് തകരുന്ന സാഹചര്യമുണ്ടായതായാണ് വിവരം.
തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കെട്ടിടം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കമ്പനിക്കാണ് അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപ്പണികളുടെ ചുമതലയും നല്‍കിയിരിക്കുന്നത്.
കെട്ടിടത്തിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചശേഷം മാത്രമേ അത് ഏറ്റെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ കെട്ടിടത്തിന്റെ നിര്‍മാണ നിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment