എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ രണ്ടാം പ്രതിയായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിനെതിരെ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. പ്രതിയായ ജഡ്ജി കേസില്‍നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ പയറ്റുകയാണെന്നും തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയായതിനാലാണ് പ്രതിയായ ജഡ്ജി ജാമ്യത്തിനായി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ജില്ലാ ജഡ്ജി അറിയിച്ചതായി കുടുംബം പറഞ്ഞു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടികള്‍ മുന്നോട്ടുപോകുന്നതെന്നും കുടുംബം ആരോപിച്ചു.
ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ വ്യക്തിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് എന്തിനാണെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജഡ്ജിയോട് കോടതി ആവശ്യപ്പെട്ടു.
അപകടത്തിന് പിന്നാലെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയതിനെക്കുറിച്ച് ജഡ്ജി കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ പോകുന്നതിനാണ് ജില്ലാ ജഡ്ജിയുടെ അനുമതി ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment