29/10/2026
Kerala News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം; രാംലീല മൈതാനത്ത് മഹാറാലി

 ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം; രാംലീല മൈതാനത്ത് മഹാറാലി


ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ പത്ത് ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് സഖ്യത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും റാലിയില്‍ പങ്കെടുക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മഹാറാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യാ സഖ്യം യോഗം ചേര്‍ന്നു. അയല്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് റാലിയിലേക്ക് ആളുകളെ എത്തിക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിനു പുറമെ ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും റാലിയിലെ പ്രധാന മുദ്രാവാക്യമായിരിക്കും.

പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ നാളെ വൈകിട്ട് 3.30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയില്‍ പ്രതീകാത്മക മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കും. മുന്‍ ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍ മോക്ക് ഇംപീച്ച്മെന്റില്‍ പ്രതീകാത്മക സ്പീക്കറാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ കക്ഷി നേതാക്കള്‍ സംസാരിക്കും. വോട്ട് ചോരി, എസ്ഐആര്‍ വിഷയങ്ങളിലെ ഇരകള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മറുപടി പ്രസംഗം നടത്തും. ഇതിനുശേഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement