കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങളില്‍ പാലക്കാടിന്റെ മുന്നേറ്റം. ഇന്ന് രാവിലെ നടന്ന 3000 മീറ്റര്‍ മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണമാണ് പാലക്കാട് ജില്ല സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലും മലപ്പുറം സ്വര്‍ണം നേടി. മുഹമ്മദ് ഫഹദാണ് ഡിസ്‌കസ് ത്രോയില്‍ നേട്ടം കൊയ്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിന്റെ സോന സ്വര്‍ണം കരസ്ഥമാക്കി.
400 മീറ്റര്‍ ഹീറ്റ്സ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ വൈകിട്ട് ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമടക്കം 23 പോയിന്റോടെ പാലക്കാടാണ് ഒന്നാമത്. 18 പോയിന്റുള്ള മലപ്പുറം തൊട്ടുപിന്നിലുണ്ട്.
അതേസമയം, കായികമേളയ്ക്കെത്തിയ താരങ്ങള്‍ക്ക് വിതരണം ചെയ്ത പ്രഭാതഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുട്ടും പഴവും കഴിക്കാനെത്തിയ കുട്ടികള്‍ക്കാണ് ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഇന്നലെ ഭക്ഷണം നല്‍കാതെ വലച്ച സംഘാടകര്‍ക്കെതിരെ രക്ഷിതാക്കള്‍ രോഷാകുലരായി. പരാതിക്കൊപ്പം ഭക്ഷണത്തില്‍ നിന്ന് ലഭിച്ച പുഴുവിനെയും രക്ഷിതാക്കള്‍ സംഘാടകര്‍ക്ക് കൈമാറി.


Comments
No comments yet. Be the first to comment!
Leave a Comment