കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. വാഹനം സ്ഥിരമായി അമിതവേഗത്തില്‍ ഓടിച്ചിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അപകടത്തില്‍ മൂന്നുപേര്‍ മരിച്ച വിവരം പ്രതികള്‍ സുഹൃത്തുക്കളെ അറിയിച്ചതിന്റെ ശബ്ദരേഖ കോടതിയില്‍ ഹാജരാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം മറ്റ് പ്രതികള്‍ക്കെതിരെ പ്രേരണക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസ് ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ യാത്രക്കാര്‍ അതിന് ഉത്തരവാദികളാകുമോയെന്നും കോടതി ആരാഞ്ഞു.
പ്രതി റോഡിലൂടെ പലതവണ വാഹനം ഓടിച്ചുപോയതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. അപകടത്തിന് പിന്നാലെ സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെയായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികള്‍ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
എന്നാല്‍ എഫ്ഐആറില്‍ പ്രതികളുടെ പേരുകള്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സുഹൈലിന്റെ പേര് പരാമര്‍ശിക്കാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും മതിയായ തെളിവുകളില്ലാതെയാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തിയതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അപകടത്തിന്റെ പരിണതഫലം നേരത്തേ തീരുമാനിച്ചിരുന്നുവെന്ന ആരോപണവും പ്രതിഭാഗം തള്ളി.
അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബവും പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. സുഹൈല്‍ നേരത്തെയും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും അന്നത്തെ സംഭവം പിതാവ് ഇടപെട്ട് ഒതുക്കിത്തീര്ത്തുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment