കൊച്ചി: 17-കാരന് പ്രതിയായ ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കാറിന്റെ ഉടമയായ അഡീഷണല്‍ ജഡ്ജിയെ പ്രതിചേര്‍ത്തു. അപകടമുണ്ടാക്കിയ ആഡംബര ബെന്‍സ് കാര്‍ ജഡ്ജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമോ നല്‍കിയിട്ടുണ്ട്. കൂടാതെ, കുറ്റാരോപിതനായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ തന്നെ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന് അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടര്‍ യാത്രികനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ വീട്ടില്‍ ജയബാലകൃഷ്ണന്‍ (55) ആണ് കൊല്ലപ്പെട്ടത്. അപകടത്തില്‍പ്പെട്ട KL 46 F 0333 നമ്പര്‍ ബെന്‍സ് കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
അപകടത്തിന് പിന്നാലെ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ജനരോഷം ശക്തമായതോടെ പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പിന്നീട് വീണ്ടും ജാമ്യം അനുവദിക്കുകയായിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment