കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റും എം.പിയുമായ പി.ടി. ഉഷയെ അപമാനിച്ചതായി ആരോപണം. കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദീപശിഖ തെളിയിക്കാന്‍ നിശ്ചയിച്ചിരുന്ന പി.ടി. ഉഷയെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രി വി.ഡി. സതീശന് പീഠത്തില്‍ തീ പകര്‍ന്നത് സ്പോര്‍ട്സ് കോഡിന്റെ വ്യക്തമായ ലംഘനമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് കേരള ഓഫീസ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ചടങ്ങില്‍ ദീപം കൊളുത്താനായി മുന്നോട്ട് നീങ്ങിയ പി.ടി. ഉഷയോട്, ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് ആവശ്യപ്പെടുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷയോട് കാട്ടിയ നടപടി ശരിയായില്ലെന്ന് ഒളിമ്പിക്സ് അസോസിയേഷന് അമര്‍ഷം രേഖപ്പെടുത്തി.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തിരക്കുകള്‍ക്കിടയിലും ഔദ്യോഗികമായി ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് ജബല്പൂരില് നിന്ന് പി.ടി. ഉഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയില്‍ വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് അഡ്വ. വി.കെ. സജീവന് ആവശ്യപ്പെട്ടു.


Comments
No comments yet. Be the first to comment!
Leave a Comment