25/10/2026
Kerala News

കാശി ആര്‍ട്ട് കഫേ വിവാദം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍; ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

കാശി ആര്‍ട്ട് കഫേ വിവാദം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍; ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്



തിരുവനന്തപുരം: കാശി ആര്‍ട്ട് കഫേ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലയാളികള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണെന്നും ഉത്തരേന്ത്യയില്‍ നിന്നുള്ള ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ വീഡിയോയുടെ പിന്നാലെ പോകേണ്ടതില്ലെന്നും പകരം വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടിലെ ഇരട്ടത്താപ്പാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

മതേതരത്വം തിരഞ്ഞെടുക്കപ്പെട്ട രീതിയില്‍ മാത്രം കാണരുതെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ അപമാനിച്ചപ്പോഴും ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. കേരളത്തില്‍ ജിന്ന ആരുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെക്കുറിച്ച് വിദ്വേഷപരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ അമൃത് സിംഗ് ഡാരനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 22-ന് രാവിലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വില്‍ക്കുന്നുണ്ടെന്നും പ്രദേശത്ത് ഒരു ന്യൂനപക്ഷ മതവിഭാഗത്തിന് കൂടുതല്‍ സാന്നിധ്യമുള്ളതാണ് ഇതിന് കാരണമെന്നും പരാമര്‍ശിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഗാന്ധിജിയുടെ പ്രതിമയ്‌ക്കൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെയുണ്ടെന്ന പരാമര്‍ശവും വീഡിയോയിലുണ്ടായിരുന്നു.

വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നതായും ഇത് രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജൂഡ് വിപിന്‍ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement