ഡല്‍ഹി: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയ്‌ക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന പൊലീസും. അസം, മിസോറം, മണിപ്പൂര്‍ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയായ ഓപ്പറേഷന്‍ ട്രൈഡന്റില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 1,424 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനുശേഷമാണ് മൂന്ന് സംസ്ഥാനങ്ങളിലായി അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇന്ത്യ-മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ലഹരിവ്യാപാരത്തിലൂടെ ലഭിച്ച പണം വെളുപ്പിക്കാനും ഹവാല ഇടപാടുകള്‍ നടത്താനും ഉപയോഗിച്ചിരുന്ന ശൃംഖലകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഏകദേശം 100 കോടി രൂപയുടെ ഹവാല ഇടപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിനു പുറമേ, 17.82 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയ്ക്കിടെ 12 ലക്ഷം രൂപയും 500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു.
അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും രാജ്യത്തേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളെ തകര്‍ക്കുന്നതിനുമായി കൂടുതല്‍ നടപടികള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
2029 ഡിസംബര്‍ 31-നകം ഇന്ത്യയെ പൂര്‍ണമായും ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ലഹരിക്കടത്തിനെതിരായ നടപടികളുടെ ഭാഗമായി അന്വേഷണവും സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും ശക്തമാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.


Comments
No comments yet. Be the first to comment!
Leave a Comment