എറണാകുളം: മട്ടാഞ്ചേരി സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ അന്വേഷണം ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഏറ്റെടുക്കണമെന്ന് പൊലീസ്. കേസിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കി എടിഎസിന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും ഉടന്‍ കേസില്‍ അന്വേഷണം ആരംഭിക്കും.
എബിന്‍ പോളിനെതിരെ യുഎപിഎയിലെ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇതിനുപുറമേ, മൂവാറ്റുപുഴയില്‍ ആള്‍വാസമില്ലാത്ത കെട്ടിടത്തിനുനേരെ നടന്ന ആക്രമണത്തിലും യൂസ്ഡ് കാര്‍ ഷോറൂമിലെ ആക്രമണത്തിലും എബിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.
കേസില്‍ ബോസ് എന്നയാളുമായി എബിന്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. എബിന് നിര്‍ദേശങ്ങള്‍ നല്‍കിയ അജ്ഞാതനായ ബോസ് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ പ്രതിയുടെ പശ്ചാത്തലം കേന്ദ്രീകരിച്ച് പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


Comments
No comments yet. Be the first to comment!
Leave a Comment