തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസ്സുകാരന് പൊലീസിന്റെ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും. സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും പൊലീസുകാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വര്‍ക്കല പൊലീസിന്റെ വിശദീകരണം. കുട്ടിയെ ഹോട്ടലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും കാലിന് പരിക്കുകളൊന്നുമില്ലെന്നും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും പൊലീസ് അവകാശപ്പെടുന്നു.
അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പതിനേഴുകാരനും കുടുംബവും രംഗത്തെത്തി. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരഞ്ഞ പ്രതിയുമായി ഫോണില്‍ സംസാരിച്ചെന്ന സംശയത്തിലാണ് തന്നോട് ക്രൂരത കാട്ടിയതെന്ന് കുട്ടി പറഞ്ഞു. ജീപ്പില്‍ വെച്ച് എസ്ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിച്ചപ്പോള്‍ രക്തം ഛര്‍ദിച്ചെന്നും മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും കാല്‍ ഒടിയുകയും കഴുത്തിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.
സംഭവത്തില്‍ വര്‍ക്കല എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഡിവൈഎസ്പിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ, കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment