തിരുവനന്തപുരം: കേരള പിഎസ്സി ചെയര്മാന് ഡോ. എം.ആര്. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്കി. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഈ നിര്‍ണായക നീക്കം നടത്തിയത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഗവര്‍ണര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം പിഎസ്സി ചെയര്‍മാനെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമുള്ളത്.
പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടി. പരീക്ഷാ തട്ടിപ്പില്‍ പിഎസ്സിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ച് എസ്ഐടിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനൊപ്പമാണ് ഗവര്‍ണര്‍ ശിപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയത്. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ആവശ്യമെന്നിരിക്കെ, വിഷയത്തില്‍ രാഷ്ട്രപതി ഭവന്റെ നിലപാട് ഇനി നിര്‍ണായകമാകും.
അതേസമയം, ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പിഎസ്സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ശിപാര്‍ശ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനത്തിന് പിന്നാലെ, സംശയത്തിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കും.


Comments
No comments yet. Be the first to comment!
Leave a Comment