കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് കേരള പബ്ലിക് സര്‍വീസ് കമ്മിഷന് (പിഎസ്സി) നല്കിയ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസിലെ പ്രധാന പ്രതികളെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. പിഎസ്സിയും സര്‍ക്കാരും ഒത്തുകളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തോട് പിഎസ്സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നായിരുന്നു പിഎസ്സിയുടെ വാദം. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ കോടതി ഈ മാസം 27ന് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു.
അന്വേഷണം റദ്ദാക്കണമെന്ന പിഎസ്സിയുടെ ഹര്‍ജിയില്‍ പിഎസ്സിക്കെതിരെ കോടതിയെ സമീപിച്ച ഉദ്യോഗാര്‍ഥിയെയും കക്ഷിയാക്കി.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പിഎസ്സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് ചൂണ്ടിക്കാട്ടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ ആദ്യമാണ് സമര്‍പ്പിച്ചത്. കേസിലെ പ്രധാന പ്രതികളെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും എന്താണ് തടസ്സമെന്ന് ഹൈക്കോടതി ആരാഞ്ഞു.
അന്വേഷണത്തെ എതിര്‍ത്ത് പിഎസ്സി നല്കിയ ഹര്‍ജിയില്‍ കോടതി ഇതുവരെ അന്വേഷണത്തിന് തടസ്സമാകുന്ന ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതികരിച്ച കോടതി, കൊലക്കേസിലെ പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ എന്താണ് ചെയ്യാറുള്ളതെന്ന് ചോദിച്ചു. അത്തരം നടപടികള്‍ ഇവിടെയും സ്വീകരിക്കാമല്ലോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു.
പ്രധാന പ്രതികളെ ചോദ്യം ചെയ്യാന്‍ എന്താണ് തടസ്സമെന്ന് ആവര്‍ത്തിച്ച കോടതി, അവരെ ചോദ്യം ചെയ്യാതെ പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദിച്ചു. കേസിലെ തുടര്‍നടപടികള്‍ക്കായി ഹര്‍ജി 27ന് വീണ്ടും പരിഗണിക്കും.


Comments
No comments yet. Be the first to comment!
Leave a Comment