24/10/2026
Kerala News

എസ്എംഎ മരുന്ന് വിവാദം: ജനറിക് മരുന്നുകള്‍ക്ക് എതിരല്ല; പി.കെ. ശ്രീമതി

എസ്എംഎ മരുന്ന് വിവാദം: ജനറിക് മരുന്നുകള്‍ക്ക് എതിരല്ല; പി.കെ. ശ്രീമതി



ഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ചികിത്സയ്ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി.കെ. ശ്രീമതി. സിപിഐഎം ജനറിക് മരുന്നുകള്‍ക്ക് എതിരല്ലെന്നും ക്ലിനിക്കല്‍ ട്രയല്‍ എന്ന് രേഖപ്പെടുത്തിയ മരുന്ന് വിതരണം ചെയ്തതിനെയാണ് ചോദ്യം ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. മരുന്നുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കുള്ള ആശങ്കകളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചതെന്നും പി.കെ. ശ്രീമതി പറഞ്ഞു.

എസ്എംഎ മരുന്നിന്റെ സാങ്കേതിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സിപിഐഎം ഉന്നയിച്ചത് ലഘുവായ വിമര്‍ശനം മാത്രമാണെന്നും എന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കാലത്ത് ആയിരക്കണക്കിന് ജനറിക് മരുന്നുകള്‍ വാങ്ങിയിട്ടുണ്ടെന്നും അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള 800 മരുന്നുകള്‍ ജനറിക് വിഭാഗത്തില്‍പ്പെട്ടവയാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ടെന്‍ഡര്‍ നടപടികളിലൂടെയാണ് ഇവ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത്. എസ്എംഎ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുണനിലവാര പരിശോധനയ്ക്കും ടെന്‍ഡര്‍ നടപടികള്‍ക്കുമായി നാലുമാസത്തെ ഇടവേളയുണ്ടായെന്നും ഈ സാഹചര്യത്തില്‍ ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് എങ്ങനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എത്തിയെന്ന ചോദ്യത്തിന് മറുപടി ലഭിക്കണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

വിലകുറഞ്ഞ മരുന്നുകള്‍ ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും ക്ലിനിക്കല്‍ ട്രയലിനുള്ള സാമ്പിള്‍ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്താന്‍ പാടില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് പകരം അത് വഴിതിരിച്ചുവിടുന്നത് മന്ത്രിക്ക് ഭൂഷണമല്ലെന്നും അവര്‍ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement