24/10/2026
Kerala News

ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നല്‍കിയ സംഭവം; ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നല്‍കിയ സംഭവം; ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു


തിരുവനന്തപുരം: അണ്ടൂര്‍ക്കോണം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്. ഫാര്‍മസിസ്റ്റ് ഷിജിലയ്‌ക്കെതിരെയാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

അണ്ടൂര്‍ക്കോണം സ്വദേശിയായ 26-കാരന്‍ അംബരീഷിനാണ് ആരോഗ്യകേന്ദ്രത്തില്‍നിന്ന് മരുന്ന് മാറി നല്‍കിയത്. അപസ്മാരത്തിന് കഴിക്കുന്ന ക്ലോബാസം എന്ന മരുന്നിന് പകരം മാനസികാരോഗ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോസാപ്പൈന്‍ എന്ന മരുന്നാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. വര്‍ഷങ്ങളായി അപസ്മാരത്തിന് ചികിത്സയിലുള്ള അംബരീഷ് എല്ലാ മാസവും ആരോഗ്യകേന്ദ്രത്തില്‍നിന്ന് മരുന്ന് വാങ്ങാറുണ്ടായിരുന്നു.

മാറി നല്‍കിയ മരുന്ന് യുവാവ് രണ്ടുതവണ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന അംബരീഷിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസ് ഫാര്‍മസിസ്റ്റ് ഷിജിലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരുന്ന് മാറി നല്‍കിയതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പും പ്രാഥമികമായി കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വീഴ്ച സ്ഥിരീകരിച്ചതോടെയാണ് ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement