കണ്ണൂര്‍: വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും എസ്.എന്‍. ശശിധരന് കര്‍ത്തയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. ശശിധരന് കര്‍ത്തയില്‍നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന അനന്തരവന് ശ്യാംജിത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശ്യാംജിത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.പി. ജയരാജന് ഉന്നയിച്ചത്. ശ്യാംജിത്ത് നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ബന്ധുവായതിനാലാണ് അന്ന് നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദേകം റിസോര്‍ട്ടിന്റെ പിആര്‍ഒ എന്ന പേരില്‍ കാര്‍ഡ് അച്ചടിച്ച് ശ്യാംജിത്ത് പണം വാങ്ങിയിട്ടുണ്ടെന്നും ഇ.പി. ജയരാജന് ആരോപിച്ചു.
ശ്യാംജിത്തിന് എല്ലാ സഹായങ്ങളും നല്കി ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണെന്നും താന്‍ രക്ഷിച്ചയാളാണ് ശ്യാംജിത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നും ഇത് കുടുംബപ്രശ്നമല്ല, കുടുംബത്തിലെ വിഷമാണെന്നും ഇ.പി. ജയരാജന് പ്രതികരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment