23/10/2026
Kerala News

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്

 കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്

തിരുവനന്തപുരം: കോവളത്തെ സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് പൊലീസ് അറസ്റ്റ് നടപടികള്‍ ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതൃസഹോദരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തമിഴ്നാട് പൊലീസ് സംഘം ഇന്ന് മടങ്ങും; പെണ്‍കുട്ടിയെ തമിഴ്നാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പിന്നീടായിരിക്കും നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) ആന്ധ്രപ്രദേശിലേക്ക് തിരിക്കും. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിക്കാനും പ്രതികളുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, കേസില്‍ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവളത്തെ സ്പാകളില്‍ എത്തിയ ഇടപാടുകാരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി തുടങ്ങി. സിസിടിവി ദൃശ്യങ്ങളും ഗൂഗിള്‍ പേ ട്രാന്‍സാക്ഷനുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകാരെ തിരിച്ചറിയുന്നത്. പട്ടിക പൂര്‍ത്തിയായ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. ചോദ്യം ചെയ്യുന്നതിന് പുറമേ, ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാനും പൊലീസിന് പദ്ധതിയുണ്ട്.

കേസിലെ മുഖ്യപ്രതികളിലൊരാളായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന് മറ്റ് സ്പാകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്പാ നടത്തിപ്പുകാരന്‍ സജിത് കുമാര്‍ വഴിയാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് വ്യക്തമായി പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും; അതിനുശേഷമായിരിക്കും വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement