ആലപ്പുഴ: ഹരിപ്പാട്ട് പോഷകക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ തുടര്‍നടപടികള്‍ പ്രതിസന്ധിയില്‍. ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് വിട്ടുനല്‍കില്ലെന്ന് മാതാവ് താര നിലപാടെടുത്തതോടെയാണ് നടപടികള്‍ സങ്കീര്‍ണമായത്. കുട്ടിയെ വിട്ടുനല്‍കില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം.
രാജേഷ്-താര ദമ്പതികളുടെ രണ്ട് കുട്ടികള്‍ മരിക്കുകയും മറ്റ് കുട്ടികളുടെ പരിചരണത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, കുട്ടിയെ ഏറ്റെടുക്കുന്നതിന് മാതാവിന്റെ സമ്മതം ആവശ്യമാണ്. ഇന്നലെ താരയുമായി സംസാരിച്ച ശിശുക്ഷേമ സമിതി അധികൃതരോട് കുട്ടിയെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.
താരയുടെ നിലപാടില്‍ ശിശുക്ഷേമ സമിതി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാധ്യതയും സമിതി പരിശോധിച്ചുവരികയാണ്.
രണ്ടര വയസുകാരന്റെ മരണവിവരം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞിന്റെ മരണവിവരം അറിഞ്ഞിട്ടും താരയില്‍ പ്രകടമായ ഭാവമാറ്റങ്ങളുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താരയ്ക്ക് ഉടന്‍ കൗണ്‍സിലിങ് നല്‍കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment