തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെയും മാളികപ്പുറം മേല്ശാന്തിയായി എ. ദാമോദരന് നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
നിലവില് തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തില് കഴിഞ്ഞ അഞ്ച് വര്ഷമായി മേല്ശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി. ഏഴ് പേരുടെ ചുരുക്കപ്പട്ടികയില് നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മേല്ശാന്തി സ്ഥാനത്തേക്ക് അഞ്ച് തവണ അപേക്ഷ നല്കിയിരുന്ന അദ്ദേഹം നാല് തവണ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.
ശബരിമലയില് ഒരു വര്ഷം ഭഗവാനെ സേവിക്കാന് അവസരം ലഭിച്ചത് വലിയ പുണ്യമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കുമെന്നും തന്റെ ഭാഗത്തുനിന്ന് സ്വഭാവദൂഷ്യമോ വീഴ്ചയോ ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തര്ക്ക് ഉറപ്പുനല്കുന്നതായും അദ്ദേഹം പറഞ്ഞു.
മാളികപ്പുറം മേല്ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരന് നമ്പൂതിരി വടകര മണിയൂര് സ്വദേശിയാണ്. നിലവില് പയ്യോളി കീഴൂര് ശിവക്ഷേത്രത്തില് മേല്ശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. മാളികപ്പുറം മേല്ശാന്തി സ്ഥാനത്തേക്ക് അഞ്ച് തവണ അപേക്ഷ നല്കിയിട്ടുണ്ട്. ലഭിച്ച അവസരത്തെ ഗുരുക്കന്മാരുടെ അനുഗ്രഹമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment