18/10/2026
Kerala News

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: വിദ്യാര്‍ഥികളുടെ കണക്കെടുക്കും; ലഹരി ഉപയോഗത്തിലും അന്വേഷണം

 യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: വിദ്യാര്‍ഥികളുടെ കണക്കെടുക്കും; ലഹരി ഉപയോഗത്തിലും അന്വേഷണം


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കും. അനധികൃതമായി താമസിക്കുന്നവര്‍ ഹോസ്റ്റലിലുണ്ടോയെന്നും സംഘര്‍ഷം നടന്ന ദിവസം ഹോസ്റ്റലില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നും പരിശോധിക്കും.

ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന ആരോപണവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവരാണ് പ്രത്യേക സമിതി അംഗങ്ങള്‍.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. മാര്‍ച്ചിനിടെ ഹോസ്റ്റലില്‍നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍, സമരക്കാരാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ വാദം.

സമരക്കാര്‍ ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങള്‍ ഉള്‍പ്പെടെ എറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. ഏകദേശം അരമണിക്കൂറോളം തലസ്ഥാനത്ത് തെരുവുയുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹോസ്റ്റലിലെ താമസസൗകര്യങ്ങള്‍, വിദ്യാര്‍ഥികളുടെ സാന്നിധ്യം, ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ എന്നിവ പരിശോധിച്ച് സമിതി തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement