18/10/2026
Kerala News

മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരന്‍

മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരന്‍



ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ അതൃപ്തിയുമായി ജി. സുധാകരന്‍ എംഎല്‍എ. 2017ല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം വിവിധ സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് നീണ്ടുപോയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിര്‍മാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരന്‍ ഇടപെടലുകള്‍ നടത്തിയിരുന്നു.

അതേസമയം, ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. 98 കോടി രൂപ ചെലവില്‍ പത്തുവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 800 മീറ്റര്‍ നീളമുള്ള പാലത്തിന് നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുണ്ട്.

നിര്‍ദിഷ്ട തുറവൂര്‍-പമ്പ പാതയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ പാലം ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. മാക്കേക്കടവില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. ബഷീര്‍, എം. ലിജു, സ്ഥലം എംഎല്‍എയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement