Thursday, October 15, 2026
Kerala News

മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍; ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍; ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി




തിരുവനന്തപുരം: ബിജെപി വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ബിജെപി നേതാവും എംഎല്‍എയുമായ വി. മുരളീധരന്‍. ബിജെപി വലിയൊരു പാര്‍ട്ടിയാണെന്നും ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തികളുടെ അഭിപ്രായങ്ങളെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി കാണേണ്ടതില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്പീല്‍ കോടതി തള്ളിയ നടപടിയിലും വി. മുരളീധരന്‍ പ്രതികരിച്ചു. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിക്കുകയാണോ എന്നും പ്രതികള്‍ക്കൊപ്പമാണോ സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കൃത്യമായ രേഖകളും തെളിവുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഭ്യന്തരമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവായി തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികതയുണ്ടോയെന്ന് ചോദിച്ച മുരളീധരന്‍, പദവി ഒഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും കൈമാറണമെന്നും ആവശ്യപ്പെട്ടു.

നിയമസഭയില്‍ ബിജെപിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതിയും സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment