Thursday, October 15, 2026
Kerala News

നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈലുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈലുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസില്‍ പ്രതിയായ സുഹൈലിനെ പൊലീസ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. അപകടം നടന്ന എയര്‍പോര്‍ട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ ബാറിലുമാണ് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയുടെ കീഴിലായിരുന്നു തെളിവെടുപ്പ് നടപടികള്‍.

പ്രതികളുടെ രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇന്നലെ പ്രതികളുടെ ഫിംഗര്‍ പ്രിന്റ് പരിശോധന അടക്കമുള്ള നടപടികള്‍ക്കായി പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ സമരങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്നലെ തെളിവെടുപ്പ് മാറ്റിവെച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ കസ്റ്റഡി അനുവദിച്ചത്.

നടിയെ ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം നിലവില്‍ ആലുവ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചു മണിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ജാമ്യ അപേക്ഷ നാളത്തേക്ക് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

അതിനിടെ, പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്‌ഐ ഗുരുതര ആരോപണം ഉന്നയിച്ചു. ആലപ്പുഴയിലെ യുഡിഎഫ് വനിതാ എംഎല്‍എ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു എന്നാണ് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവലിന്റെ ആരോപണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment