Wednesday, October 14, 2026
Kerala News

ജന്തര്‍ മന്തര്‍ പ്രതിഷേധം: സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍; അറസ്റ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

 ജന്തര്‍ മന്തര്‍ പ്രതിഷേധം: സിജെപി നേതാക്കള്‍ തിഹാര്‍ ജയിലില്‍; അറസ്റ്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടത്തിയ മിന്നല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ സിജെപി നേതാക്കളെ തിഹാര്‍ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു നേതാവായ അജിങ്ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് സിജെപി നേതാക്കള്‍ പ്രതിഷേധം നടത്തിയതെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. ആറുമാസത്തേക്ക് സമാനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും 5,000 രൂപ ജാമ്യത്തുകയായി നല്‍കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ഷിന്‍ഡെയ്ക്ക് ജാമ്യം ലഭിച്ചത്.

നേതാക്കളുടെ അറസ്റ്റിലും കസ്റ്റഡിയിലും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജന്തര്‍ മന്തര്‍ രാജ്യത്തെ ജനങ്ങളുടേതാണെന്നും ജനങ്ങള്‍ അത് തിരിച്ചുപിടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും ഇന്ത്യാ മുന്നണിയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമിച്ച് പോരാടുകയാണെന്നും ബാനറുകള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment