തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിവാദ പോസ്റ്റ് വന്നതിനെ തുടര്‍ന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടാന്‍ തീരുമാനം. സംഭവത്തില്‍ വിവാദം ശക്തമായ പശ്ചാത്തലത്തില്‍ സെല്‍ പുനഃസംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.
ഡല്‍ഹിയിലെ പ്രതിഷേധം ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അത് തന്റെ പരിധിയില്‍ വരുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റ് കോണ്‍ഗ്രസിന്റെ കേരളത്തിലെ ഔദ്യോഗിക സമൂഹമാധ്യമ പേജായ കോണ്‍ഗ്രസ് കേരളം വഴി എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചു.
പോസ്റ്റ് വന്ന സാഹചര്യം പരിശോധിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന വിജയ് തോട്ടത്തിലിനെ ഇന്നലെ മാറ്റിയിരുന്നു. സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന 12 പേരെയും നീക്കി പുതിയ രീതിയില്‍ സെല്‍ പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
നിലവില്‍ ഡിജിറ്റല്‍ സെല്ലിന്റെ ചുമതല ഹൈബി ഈഡനായിരുന്നു. എന്നാല്‍, ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment