Thursday, October 15, 2026
Kerala News

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്സൈസ്

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്സൈസ്

എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ കാറപകടത്തിൽ കാറോടിച്ച പ്രതി സുഹൈൽ സജീവിനെതിരെ എക്‌സൈസ് വകുപ്പ് പുതിയ കേസെടുത്തു. കേരളത്തിൽ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായപരിധി 23 വയസ്സായിരിക്കെ, വെറും 19 വയസ്സുള്ള സുഹൈൽ മദ്യപിച്ചതിനാണ് എക്‌സൈസ് കേസെടുത്തത്. പ്രതിയെ ഉടൻ തന്നെ എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകിയ എറണാകുളം നഗരത്തിലെ രണ്ടും നെടുമ്പാശേരിയിലെ ഒന്നും ഉൾപ്പെടെ മൂന്ന് ബാറുകൾക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്. ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ നിർദേശിച്ച് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ, കമ്മീഷണർക്ക് ഉടൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

അപകടസമയത്ത് കാർ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് പ്രതി സുഹൈൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം ഉച്ചമുതൽ വിവിധ ബാറുകളിൽ കയറി ഇയാളും സംഘവും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. അമിതവേഗതയിലും മദ്യലഹരിയിലും വാഹനോടിച്ച് മൂന്ന് നിരപരാധികളുടെ ജീവനെടുത്ത സംഭവത്തിൽ സുഹൈലിനും സുഹൃത്ത് നിനവിനും പുറമെ, കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ അമീർ, ജോയൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈലിന് മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിക്കാൻ പ്രേരണ നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. അപകടത്തിന് തൊട്ടുപിന്നാലെ അമീറും ജോയലും മറ്റൊരു വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ചിരുന്നു. പിടിയിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News

Comments

No comments yet. Be the first to comment!

Leave a Comment