Monday, October 12, 2026
Kerala News

ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ; പിന്തുണച്ച് പ്രതിപക്ഷം

 ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ; പിന്തുണച്ച് പ്രതിപക്ഷം


തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം നിയമസഭ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്കകളുണ്ടെന്നും പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ലക്ഷക്കണക്കിന് അര്‍ഹരായ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആരോപിച്ചു.

പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാല്‍ അവതരിപ്പിച്ച ഭേദഗതി അംഗീകരിച്ച ശേഷമാണ് പ്രമേയം പാസാക്കിയത്. അതേസമയം, പ്രമേയത്തെ എതിര്‍ത്ത ബിജെപി നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.

ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂര്‍വമായ തിരഞ്ഞെടുപ്പാണെന്നും അതുറപ്പാക്കുന്നതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും നിലകൊള്ളണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് വി.ഡി. സതീശന്‍ പറഞ്ഞു.

എന്നാല്‍, പ്രമേയത്തെ എതിര്‍ത്ത ബിജെപി അംഗം ബി.ബി. ഗോപകുമാര്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ നിയമപരമായ അധികാരത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, മാധ്യമ റിപ്പോര്‍ട്ട് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെ അപലപിക്കുന്നതായും വി. മുരളീധരന്‍ സഭയില്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment