Tuesday, October 13, 2026
Kerala News

തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു

 തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു

തൃശൂര്‍: അതിശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവെച്ചു. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ല്‍ വിശദമായ പരിശോധന നടത്തിയ ശേഷമായിരിക്കും ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം, നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ വീണ്ടും ടോള്‍ പിരിക്കാന്‍ മുതിര്‍ന്നാല്‍ ശക്തമായി തടയുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ചു.

മുന്നറിയിപ്പുകളൊന്നുമില്ലാതെ ടോള്‍ പിരിവ് പുനരാരംഭിക്കാനുള്ള കരാര്‍ കമ്പനിയുടെ രഹസ്യ നീക്കമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. രാവിലെ എല്‍.ഡി.എഫും വൈകിട്ട് യു.ഡി.എഫും ടോള്‍ പ്ലാസ ഉപരോധിച്ചു. ടോള്‍ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന തരത്തില്‍ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അടിയന്തരമായി ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.

ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ പരിശോധനകള്‍ക്ക് ശേഷമേ ഇനി ടോള്‍ പിരിവ് തുടങ്ങൂ എന്നാണ് ലഭിച്ചിരിക്കുന്ന ഒടുവിലത്തെ ഉറപ്പ്. ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം ടോള്‍ പ്ലാസയില്‍ മാത്രം ഒതുക്കാതെ തൃശൂര്‍ കളക്ടറേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും പ്രതിഷേധക്കാര്‍ നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment