തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ അരവണ ക്ഷാമമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ശബരിമലയില്‍ അരിക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സന്നിധാനത്ത് ആയിരം കിലോ അരി സ്റ്റോക്കുണ്ട്. ഇന്നും നാളെയുമായി കൂടുതല്‍ അരി എത്തിക്കും. അരവണയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന പ്രചാരണം ചിലര്‍ നടത്തുന്ന വ്യാജവാര്‍ത്തകള്‍ മാത്രമാണെന്നും കെ. ജയകുമാര്‍ പറഞ്ഞു. ആവശ്യത്തിന് അരി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മറ്റന്നാള്‍ മുതല്‍ അരവണ ഉല്‍പാദനം ആരംഭിക്കും. കൂടുതല്‍ ഭക്തര്‍ എത്തിയാലും ആവശ്യത്തിന് അരവണ ലഭ്യമാക്കും. പത്ത് ലക്ഷത്തില്‍ താഴെ അരവണ പാക്കറ്റുകള്‍ ഉല്‍പാദിപ്പിച്ച് തയ്യാറാക്കി വയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, അരവണ നിര്‍മാണത്തിന് ആവശ്യമായ ഉണക്കലരി ഉള്‍പ്പെടെയുള്ള എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. 15,000 കിലോ ഉണക്കലരി നാളെ പമ്പയില്‍ എത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം അരി സന്നിധാനത്ത് എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നവീകരണത്തിന് ശേഷം അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കി ഉല്‍പാദനം ഉടന്‍ തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment