പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എന്‍ സുരേഷ് ബാബുവിനെതിരെ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ട്. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നുവെന്നും ഇത് പാര്‍ട്ടി തലത്തില്‍ ഒതുക്കിത്തീര്‍ത്തിരുന്നുവെന്നുമാണ് വിവരം.
പാലക്കാട് പാര്‍ട്ടി ഓഫീസിന്റെ നവീകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സുരേഷ് ബാബുവിനെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ പരാതികളും ആരോപണങ്ങളും പരിഗണിച്ചാണ് സ്ഥാനമാറ്റമെന്നാണ് സൂചന.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഇടപെടലോടെയാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് വിവരം. മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചുവരുത്തി പരാതികള്‍ വായിച്ചുകേള്‍പ്പിക്കുകയും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വനിതയുടെ പരാതിയുടെ പേരിലാണ് തന്നെ മാറ്റിയതെന്ന വിവരം പുറത്തുവരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം, സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് പാര്‍ട്ടി നടപടിയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. ശിവന്‍കുട്ടി സ്ഥിരീകരിച്ചു. പാര്‍ട്ടിയിലെ നവീകരണ നടപടികളുടെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
എന്നാല്‍ സുരേഷ് ബാബുവിനെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ചെന്താമരാക്ഷന്റെ പ്രതികരണം.
വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയുള്‍പ്പെടെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി തലത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment