തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവയ്ക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീലേഖയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് എസ്. സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ശാരീരിക അസ്വസ്ഥതകള്‍ മൂലം കൗണ്‍സിലര്‍ എന്ന നിലയിലുള്ള ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് ശ്രീലേഖ പ്രകടിപ്പിച്ചതെന്നും രാജിവയ്ക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ അവര്‍ ജനങ്ങള്‍ക്കൊപ്പം സേവനരംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ മൂന്ന് ദിവസം നീണ്ട ജില്ലാതല പഠനശിബിരത്തിലും ശ്രീലേഖ ഒരു സാധാരണ പ്രവര്‍ത്തകയെപ്പോലെ പങ്കെടുത്തിരുന്നുവെന്നും എസ്. സുരേഷ് ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ എന്നും നിലകൊണ്ടിട്ടുള്ള ആര്‍. ശ്രീലേഖയ്ക്ക് അനധികൃത സമ്പാദ്യമൊന്നുമില്ലെന്നും സ്വന്തം പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് അവര്‍ വാര്‍ഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമുള്ള ആശങ്ക മാത്രമാണ് ശ്രീലേഖ പങ്കുവെച്ചതെന്നും അവര്‍ തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം സേവനനിരതയായി നിലകൊള്ളുമെന്നും എസ്. സുരേഷ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment