തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്ലിം ലീഗിന്റെ എതിര്‍പ്പ് ശക്തമായതോടെയാണ് സര്‍ക്കാര്‍ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്നാണ് വിവരം. പിഎം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചിരുന്നു. പദ്ധതിയില്‍ സംസ്ഥാനത്തിന്റെ തുടര്‍പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.
പദ്ധതിയിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല്‍, രാഷ്ട്രീയ എതിര്‍പ്പുകള്‍ ശക്തമായ സാഹചര്യത്തില്‍ നിലവില്‍ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment