Saturday, October 3, 2026
Kerala News

കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ

കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പാര്‍ട്ടി നേതൃത്വത്തോടുള്ള കടുത്ത അമര്‍ഷമാണ് നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ രാജി.മേയര്‍ സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ച ശേഷം തന്നെ ഒഴിവാക്കിയതിലടക്കം ആര്‍. ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. കൂടാതെ, ദേശീയ വനിതാ കമ്മീഷന്‍ അംഗമായി തനിക്ക് പകരം നിവേദിത സുബ്രഹ്‌മണ്യത്തെ പരിഗണിച്ചതും, പാര്‍ട്ടി നല്‍കിയ പ്രധാന പദവി വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതുമാണ് പ്രതിഷേധ രാജിക്ക് വഴിവെച്ചതെന്നാണ് സൂചന.   

അതേസമയം, ശാസ്തമംഗലം വാര്‍ഡില്‍ കൗണ്‍സിലറുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നതായി കവടിയാര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ഡിലെ പല ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറെയാണ് സമീപിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ വിജയിപ്പിച്ച ജനപ്രതിനിധിയുടെ രാജി ജനവിശ്വാസത്തോടുള്ള വഞ്ചനയാണെന്നും ബിജെപിക്കുള്ളിലെ രൂക്ഷമായ ആഭ്യന്തര തര്‍ക്കങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment