Friday, October 16, 2026
Kerala News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

മെസ്സിയുടെ പേരിലെ തട്ടിപ്പ്:  വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം: ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോണ്‍സര്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ മന്ത്രി വഴിവിട്ട് സഹായിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഗുരുതരമായ ക്രമക്കേടുകളും വഴിവിട്ട ഇടപെടലുകളും നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.   

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കൈമാറി. മലപ്പുറത്തെത്തി വി. അബ്ദുറഹിമാനില്‍ നിന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മൊഴിയും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോണ്‍സറായി തിരഞ്ഞെടുത്തത്, മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സംശയാസ്പദമായ കത്തിടപാടുകള്‍, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എഎഫ്എ) ചര്‍ച്ച നടത്താനെന്ന പേരില്‍ നടത്തിയ വിദേശയാത്രകള്‍ എന്നിവയെല്ലാം എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്.   

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് എസ്ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. മന്ത്രി നല്‍കിയ മൊഴിയും ഇതുവരെ ശേഖരിച്ച രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വഴിവിട്ട സഹായം നല്‍കിയതില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്നും, സാമ്പത്തിക ഇടപാടുകളില്‍ ആരൊക്കെ പങ്കാളികളായിട്ടുണ്ടെന്നും വരും ദിവസങ്ങളിലെ തുടര്‍ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment