തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകള്‍ക്ക് പൊതുവില്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ചില മരുന്നുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്നും 18 ഇനങ്ങള്‍ക്ക് നിലവില്‍ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു. കുറവുള്ള മരുന്നുകള്‍ ഒരാഴ്ചയ്ക്കകം മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ മരുന്നുകള്‍ വാങ്ങുന്നതിന് പണം ആവശ്യമാണ്. സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്ത ഏതെങ്കിലും മരുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 ഇനം മരുന്നുകളുടെ കുറവ് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്ക് ശേഷം ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരം അറിയിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില മരുന്ന് കമ്പനികളില്‍ നിന്ന് ഇനി മരുന്നുകള്‍ വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി അഴിമതി നടത്തിയതായി ആരോപണമുള്ള ചില മരുന്ന് കമ്പനികളുണ്ടെന്നും ഇത്തരം കമ്പനികളുമായി ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു. താന്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ ഇത്തരം ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണം നടത്തുന്നത് ചില മരുന്ന് കമ്പനികളാണെന്നും അവയുടെ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയങ്ങളുണ്ടെന്നും മന്ത്രി ആരോപിച്ചു. ആരോഗ്യവകുപ്പ് മെച്ചപ്പെടുത്തിയ ശേഷമേ മന്ത്രി സ്ഥാനത്തുനിന്ന് മാറുകയുള്ളൂവെന്നും കെ. മുരളീധരന്‍ പറഞ്ഞു.
കെഎംഎസ്സിഎല്ലിന്റെ തലപ്പത്ത് ആളില്ലാത്തതുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. നിയമിച്ചിരുന്ന വ്യക്തി ചുമതലയേറ്റെടുക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഉചിതമായ വ്യക്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment