ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് സോനം വാങ്ചുക്. എന്നാല്‍ സമരത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കകാലത്ത് സിജെപിക്ക് പിന്തുണ നല്‍കിയിരുന്നെങ്കിലും എല്ലാ വിഷയങ്ങളിലും എപ്പോഴും സമരത്തിനിറങ്ങാന്‍ സാധിക്കില്ലെന്നും വാങ്ചുക് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സിജെപിയുടെ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍നിന്ന് ദേശീയ പ്രതിഷേധം ആരംഭിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് പ്രതിഷേധം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഗാന്ധി ജയന്തി ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നാണ് സിജെപി നേതാവ് അഭിജിത് ദീപ്‌കെ പറഞ്ഞത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. വിവാദമായ തീരുമാനങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയെങ്കിലും ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യത്തില്‍ പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 30ന് ഇന്ത്യ സഖ്യകക്ഷികള്‍ യോഗം ചേരും.
Comments
No comments yet. Be the first to comment!
Leave a Comment